nctv news pudukkad

1.58 കോടിയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ഇടുക്കി സ്വദേശി തൃശ്ശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പിടികൂടി. ഇടുക്കി രാജക്കാട് സ്വദേശി അശ്വിനെയാണ് തൃശ്ശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി, ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നായി കോടികൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ 24-കാരൻ.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ ഇടുക്കിയിൽ നിന്ന് പിടികൂടിയത്. ബി.ജി.സി എന്ന വ്യാജ ട്രേഡിംഗ് കമ്പനിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ചാലക്കുടി പരിയാരം സ്വദേശിക്ക് ഒരു കോടി എട്ട് ലക്ഷം രൂപയും, കടുപ്പശ്ശേരി സ്വദേശിക്ക് 49 ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ടാക്സ്, വിത്ത്‌ഡ്രോവൽ ചാർജ് എന്നീ പേരുകളിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചായിരുന്നു മോഷണം.

കേസിലെ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ കമ്മീഷൻ വ്യവസ്ഥയിൽ കൈക്കലാക്കുന്ന സംഘത്തിലെ അംഗമാണ് അശ്വിൻ. പ്രധാന പ്രതികളിൽ നിന്ന് 25 തവണയോളം കൊറിയർ വഴി ഇത്തരത്തിൽ എടിഎം കാർഡുകൾ അശ്വിൻ കൈപ്പറ്റുകയും അത് മറ്റ് പ്രതികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, എസ്.ഐമാരായ ആൽബി തോമസ്, ഗ്ലാഡിൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *