അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വരാക്കര പാടശേഖരത്തിലും സമീപ പ്രദേശങ്ങളിലും കര്‍ഷകര്‍ക്ക് വലിയ തലവേദനയായിരുന്ന രണ്ട് കാട്ടുപന്നികളെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയോഗിച്ച ഷൂട്ടര്‍ വെടിവെച്ചത്.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട തെക്കെര, പുളിച്ചോട്, വരാക്കര പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറേക്കാലമായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂട്ടമായെത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗീകൃത ഷൂട്ടറുടെ സഹായം തേടിയത്. പഞ്ചായത്ത് അംഗം സിനി ബിജുവിന്റെ നേതൃത്വത്തില്‍, പഞ്ചായത്ത് നിയോഗിച്ച ഷൂട്ടര്‍ സുദര്‍ശന്‍ മത്തോളിയാണ് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ദൗത്യത്തില്‍ കര്‍ഷകരായ രാജു കിഴക്കൂടന്‍, എം.എന്‍. ശശിധരന്‍, എന്‍.കെ പ്രദീപ് എന്നിവരും പങ്കാളികളായി.
ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ പെറ്റുപെരുകുന്നത് കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൊല്ലപ്പെട്ട പന്നികളെ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് കുഴിയെടുത്തു മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിട്ടു. വിവിധ പാടശേഖരങ്ങളിലും കൃഷിഭൂമികളിലും പരിശോധന തുടരുമെന്നും കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അറിയിച്ചു.






