2023-24ല്‍ മികച്ച അങ്കണവാടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡിന് ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി അളഗപ്പനഗര്‍ പഞ്ചായത്തിലെ 6-ാം നമ്പര്‍ അങ്കണവാടി. 2-ാം വാര്‍ഡിലെ അളഗപ്പ ഗ്രൗണ്ടിനു സമീപമുള്ള 3ജി (3 തലമുറ) അങ്കണവാടിയാണ് മികവിന്റെ കേന്ദ്രമായത്. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിതത്. അങ്കണവാടിയോട് ചേര്‍ന്ന് കൗമാരപ്രായക്കാര്‍ക്കുള്ള ചിത്രശലഭങ്ങള്‍ക്ക് ഒരു വര്‍ണക്കൂട്ട് എന്ന പേരിലുള്ള കെട്ടിടഭാഗത്തില്‍ ശീതീകരിച്ച ഹാളും സജ്ജമാക്കിയിട്ടുണ്ട്. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, കളിമൂല, അടുക്കള എന്നിവയും ചുമരുകളില്‍ മെനുചാര്‍ട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍, ബേബി ഫ്രണ്ട്‌ലി പെയ്ന്റിങ് എന്നിവയും ചേര്‍ത്തിട്ടുണ്ട്. 3ജി അങ്കണവാടിയെന്നാണ് പേരെങ്കിലും കുട്ടികള്‍, കൗമാരക്കാര്‍, അമ്മമാര്‍, വയോജനങ്ങള്‍ എന്നീ 4 തലമുറകള്‍ക്കുള്ള സേവനങ്ങള്‍ അങ്കണവാടി വഴി ലഭ്യമാക്കുന്നുണ്ടെന്ന് പഞ്ചായത്തംഗം സനല്‍ മഞ്ഞളി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കുപുറമെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കുള്ള സംഗമങ്ങളും വിനോദയാത്രയും അമ്മമാര്‍ക്ക് യോഗ പരിശീലനവും ഒരുക്കാറുണ്ട്. കൗമാരക്കാര്‍ക്ക് ക്ലബ്, ഉല്ലാസം, ഒത്തുച്ചേരല്‍, ബോധവല്‍ക്കരണം, വായനാമുറി സൗകര്യങ്ങളും ഇവിടെയുണ്ട്. ഭിന്നശേഷി-വയോജന സൗഹൃദ അങ്കണവാടിക്ക് ഫിറ്റ്‌നസ്, ഭക്ഷ്യസുരക്ഷ, ഹരിതസ്ഥാപന സര്‍ട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട്. കൊടകര ഐസിഡിഎസ് പ്രൊജക്ട് ഓഫിസര്‍ ആശ മാത്യു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധാകുമാരി, വര്‍ക്കര്‍ കെ.ജയ, ഹെല്‍പര്‍ നിഷ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി, പഞ്ചായത്തംഗം സനല്‍, സെക്രട്ടറി പി.ബി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
അളഗപ്പനഗര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ 3ജി അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടി
