ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 10 സ്‌കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ ഹരിതസഭയില്‍ പങ്കെടുത്തു. കുട്ടികളുടെ പാനല്‍ പ്രതിനിധിയായി വി.എം. അളഗനന്ദ ഹരിതസഭയുടെ ലക്ഷ്യവും പ്രാധാന്യവും വിവരിച്ചു. ഹരിതസഭ നടപടിക്രമങ്ങള്‍ കുട്ടികളുടെ പാനല്‍ പ്രതിനിധിയായ ക്രിസാന്റോ ലിന്‍സണ്‍ സഭയില്‍ വിവരിച്ചു. തുടര്‍ന്ന് ഈ മാസം 1 ന് ചേര്‍ന്ന ഹരിതസഭയില്‍ കുട്ടികള്‍ അവതരിപ്പിച്ച വിഷയത്തിന്മേല്‍ ഗ്രാമപഞ്ചായത്ത് കൈകൊണ്ട നടപടികള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു കുട്ടികളെ അറിയിച്ചു. പിന്നീട് രണ്ട് റൗണ്ടുകളായി 10 സ്‌കൂളില്‍ നിന്നുള്ള 32 വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. അതിനെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിപ്പോര്‍ട്ട് വിലയിരുത്തി കുട്ടികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഹരിതസഭയില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പാനല്‍ പ്രതിനിധികളായ സ്‌നേഹ ഡേവിസ്, ലക്ഷ്മി നന്ദ, ദേവലക്ഷ്മി എന്നിവര്‍ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിതസഭയിലേക്ക് ചാര്‍ട്ടുകള്‍ തയ്യാറാക്കി കൊണ്ടുവന്നതില്‍ മികച്ച ചാര്‍ട്ട് തയ്യാറാക്കിയ 10 പേരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ് സന്നിഹിതയായി.