മാങ്കുറ്റിപ്പാടത്ത് നേരത്തെ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് വക പൊതുശ്മശാനഭൂമിയിലാണ് ഈയിടെ ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. നാല്‍പ്പതു സെന്റോളം വരുന്ന ശ്മശാനഭൂമിയുടെ 28 സെന്റ് ഉപയോഗപ്പെടുത്തിയാണ് ക്രിമറ്റോറിയം പണി കഴിച്ചിട്ടുള്ളത്. അവശേഷിക്കുന്ന സ്ഥലത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവമാലിന്യം തരംതിരിക്കാനുള്ള എം.സി.എഫ്. സ്ഥാപിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ മാങ്കുറ്റിപ്പാടം വാര്‍ഡിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും തീരുമാനം പുനപരിശോധിക്കണമെന്ന് പഞ്ചായത്തധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മാങ്കുറ്റിപ്പാടം അങ്കണവാടി ഹാളില്‍ പ്രത്യേക ഗ്രാമസഭ നടന്നത്. എം.സി.എഫില്‍ ആധുനിക രീതിയില്‍ അജൈവമാലിന്യങ്ങള്‍ തരംതിരിക്കുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നതെന്നും യാതൊരു തരത്തിലുള്ള മലീനീകരണമോ പരിസ്ഥിതി പ്രശ്‌നമോ ഇവിടെ ഉണ്ടാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റും തദ്ദേശവകുപ്പ് ജില്ല കോ ഓഡിനേറ്ററും ശുചിത്വമിഷന്‍ ജില്ല കോ ഓഡിനേറ്ററും അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും ഗ്രാമസഭയില്‍ പങ്കെടുത്ത 13ാം വാര്‍ഡിലെ ജനങ്ങള്‍ ക്രിമറ്റോറിയത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഇവിടെ എം.എസി.എഫ് സ്ഥാപിക്കരുതെന്നും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ടി.കെ.സ്വാമിക്കുട്ടി, നന്ദകുമാര്‍ ചക്കമല്ലിശേരി, മുന്‍ വാര്‍ഡ് അംഗം ബീന നന്ദകുമാര്‍, ബിനോയ്, വി.എം. ചന്ദ്രന്‍, ഐ.ആര്‍. അരവിന്ദാക്ഷന്‍, എല്‍ദോ പാലായില്‍, ഔസേഫ് കോപ്ലി എന്നിവര്‍ എം.സി.എഫ്. സ്ഥാപിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രസംഗിച്ചു. ജനങ്ങളുടെ എതിര്‍പ്പ് ഭരണ സമിതിയോഗത്തില്‍ ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയും സെക്രട്ടറി എം. ശാലിനിയും ഗ്രാമസഭയോഗത്തില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, വാര്‍ഡ് അംഗം ശിവരാമന്‍ പോതിയില്‍, തദ്ദേശവകുപ്പ് ജില്ല കോ ഓഡിനേറ്റര്‍ ഷെഫീഖ്, ശുചിത്വ മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ മനോജ്, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.
മറ്റത്തൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള പൊതു ക്രിമിറ്റോറിയത്തോടു ചേര്‍ന്ന് എംസിഎഫ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് മാങ്കുറ്റിപ്പാടത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ ആവശ്യമുയര്‍ന്നു
