മഴ പെയ്താല്‍ വെള്ളം മുഴുവന്‍ കടകളിലും റോഡിലും എത്തി വര്‍ഷങ്ങളോളം ദുരിതമനുഭവിച്ച ആലേങ്ങാടുള്ളവര്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. കുന്നിന്‍ മുകളില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ആലേങ്ങാട് സെന്ററിലും കടകളിലും വെള്ളക്കെട്ട് ഉണ്ടാകുകയാണ് പതിവ്. കാനകള്‍ കവിഞ്ഞൊഴുകി വെള്ളം നേരെ കടകളില്‍ കയറുന്നതോടെ നിരവധി നാശനഷ്ടവും ഇവിടെയുള്ള വ്യാപാരികള്‍ നേരിട്ടു.ഇതിനൊരു പരിഹാരം കാണാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല.ഒടുവില്‍ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പണം സ്വരൂപിച്ച് കാനയ്ക്ക് കുറുകെ ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് കള്‍വര്‍ട്ട് നിര്‍മ്മിച്ച് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിക്കുകയായിരുന്നു. കാലവര്‍ഷത്തിന് മുന്‍പ് നാട്ടുകാര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവര്‍ത്തികള്‍ എത്ര ഫലവത്താവുമെന്ന സംശയമുണ്ടായിരുന്നു. ഇത് നിര്‍മ്മിച്ചവര്‍ ഒരുപാട് പരിഹാസവും കേള്‍ക്കേണ്ടിവന്നു. ഇത്തവണ മഴ ശക്തമായതോടെ സെന്ററും കടകളും വെള്ളക്കെട്ടില്‍ നിന്ന് മോചനമായപ്പോള്‍ കൈയ്യടി നേടിയിരിക്കുകയാണ് ആലേങ്ങാടുള്ള നാടന്‍ എഞ്ചിനിയര്‍മാര്‍.കുന്നിന്‍ മുകളില്‍ നിന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം തടഞ്ഞ് കാനയിലൂടെ ഒഴുക്കിവിടാന്‍ നാട്ടുകാര്‍ ചേര്‍ന്നൊരുക്കിയ സംവിധാനം ഇപ്പോള്‍ അധികൃതര്‍ക്കും ആശ്ചര്യമാകുകയാണ്.
മഴ ശക്തമായതോടെ നാടും നഗരവും വെള്ളക്കെട്ടില്‍ പൊറുതിമുട്ടുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന അധികൃതര്‍ക്ക് മാതൃകയാവുകയാണ് തൃക്കൂര്‍ ആലേങ്ങാടുള്ള നാട്ടുകാര്‍
