വടക്കേ കോടാലി അംഗനവാടി റോഡാണ് ഇടിഞ്ഞത്. വീടുകള്‍ക്ക് തൊട്ടുപുറകില്‍ പത്തടിയോളം ഉയരത്തില്‍ നില്‍ക്കുന്ന റോഡരിക് മഴവെള്ളം ശക്തമായി കുത്തിയൊഴുകിയതു മൂലം വീടിനു മുകളിലേക്ക് ഇടിയുകയായിരുന്നു. എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടത്തെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്. കോടാലി കുട്ടിയമ്പലം റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അംഗനവാടി റോഡിന്റെ ഓരത്ത് താമസിക്കുന്ന നാലുകുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത്. ശക്തമായ മഴ പെയ്താല്‍ വീടുകളില്‍ സുരക്ഷിതമായി കഴിയാന്‍ ഇവര്‍ക്കാവുന്നില്ല. വീടുകള്‍ക്ക് തൊട്ടുപുറകില്‍ ഉയര്‍ന്നുനില്‍ക്കുന്ന റോഡ് ഏതു സമയത്തും ഇടിഞ്ഞുവീഴുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്. റോഡിലൂടെ വെള്ളം ഒഴുകിവരുന്നത് തടയുക, റോഡരിക് കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിസംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. പഞ്ചായത്ത് ഈ ആവശ്യം നിറവേറ്റി തരാത്തതിനാല്‍ സ്വന്തം ചെലവില്‍ റോഡരുക് ഇവിടത്തെ കുടുംബങ്ങള്‍ കെട്ടിസംരക്ഷിച്ചെങ്കിലും മഴക്കാലത്ത് കുത്തിയൊഴുകി കെട്ട് ഇടിഞ്ഞുപോകുകയയാണ്. ഇവിടെ താമസിക്കുന്ന മഞ്ഞള്‍വളപ്പില്‍ റഫീക്കിന്റെ വീടിനു മുകളിലേക്ക് കഴിഞ്ഞ ദിവസം റോഡരിക് ഇടിഞ്ഞുവീഴുകയുണ്ടായി. പഞ്ചായത്ത് ഇടപെട്ട് റോഡ് ഇടിയാതെ കെട്ടി സംരക്ഷിക്കണമെന്നും റോഡിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഇവിടത്തെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊഴുകി റോഡ് ഇടിഞ്ഞ് വീടുകള്‍ക്ക് ഭീഷണിയായി
