പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ഒരാഴ്ചക്കിടെ 3 തവണ പുലിയിറങ്ങി 3 പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ നീക്കം. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിനു ശേഷം കൂടുസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനായി കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വെള്ളിക്കുളങ്ങര റേഞ്ചിന്റെ പരിധിയില്‍ വരുന്ന കാരികുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും കന്നാറ്റുപാടം സ്‌കൂളിന് സമീപവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പശുക്കുട്ടിയെ പുലി പിടികൂടിയത്. കാരിക്കുളം പഴയ റേഷന്‍ കടയ്ക്ക് സമീപം മാനിനെയും പുലി ആക്രമിച്ചിരുന്നു. തോട്ടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ വൈകിട്ടാണ് പാഡികള്‍ക്ക് സമീപമെത്തുന്നത്. രാത്രികളില്‍ കന്നുകാലികളെ പുലി ആക്രമിക്കുന്നതും പതിവാണ്. പുലിയുടെ ആക്രമണം ഭയന്ന് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി പാഡികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളും ആദിവാസികളും ഏറെയുള്ള പ്രദേശത്താണ് നിരന്തരം പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുന്‍പ് കുണ്ടായി ചൊക്കന ഭാഗത്ത് റോഡ് മുറിച്ചുകടന്ന പുലിയെ അതുവഴി വന്ന കാര്‍ യാത്രക്കാര്‍ കണ്ടിരുന്നു. അതേസമയം തോട്ടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ പ്രദേശത്ത് ഉണ്ടാകുന്നതാണ് പുലി ജനവാസമേഖലയിലേക്ക് നിരന്തരമെത്താന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലഞ്ഞു നടക്കുന്ന കന്നുകാലികളെ മാറ്റി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി പഞ്ചായത്തിന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫ് കത്തു നല്‍കി.
പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്
