82 വയസായിരുന്നു. വാര്‍ധക്യാവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഒല്ലൂര്‍ എടക്കുന്നി സ്വദേശിയാണ്. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാര്‍. 2021ലെ തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തത്. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസില്‍ ഇടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വര്‍ഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്. പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ തൃശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 13 വര്‍ഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി. പിന്നീട് തൃപ്പേക്കുളം അച്യുതമാരാര്‍ തിരുമ്പാടിയുടെ പ്രമാണിയായപ്പോള്‍ ഒമ്പത് വര്‍ഷക്കാലം വീണ്ടും കൊട്ടിത്തിമര്‍ത്തു. എന്നാല്‍ പെരുവനം കുട്ടന്‍ മാരാര്‍ പാറമേക്കാവില്‍ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. ആദ്യം പതിമൂന്ന് വര്‍ഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വര്‍ഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവില്‍ തുടര്‍ച്ചയായി 23 വര്‍ഷവും കൊട്ടിക്കയറിയ പ്രതിഭയാണ് കേളത്ത്. ഇലഞ്ഞിത്തറയില്‍ പെരുവനത്തിന്റെ വലത്ത് എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്റെ ശൈലിക്ക് ആരവം മുഴക്കാന്‍ പതിനായിരങ്ങളാണ് എത്തുക പതിവ്. 12ാം വയസില്‍ എടക്കുന്നി ക്ഷേത്രത്തില്‍ വാദ്യകലയില്‍ അരങ്ങേറ്റം കുറിച്ച കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ പെരുവനം നടവഴിയില്‍ പ്രഭല്‍ഭര്‍ക്കൊപ്പം കൊട്ടിക്കയറിയാണ് മുന്‍നിരയിലെത്തിയത്. പുരസ്‌കാരങ്ങളുടെ പിന്നാലെ പോകാതെ വാദ്യകലയിലെ സമര്‍പ്പിത ജീവിതമായിരുന്നു കേളത്തിന്റേത്. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, തൃപ്രയാര്‍ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവര്‍ണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂര്‍ണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കേളത്തിനെ തേടിയെത്തി.
നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു
