തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവമെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ വാര്‍ഡ് അംഗം അനു പനങ്കൂടന്‍, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് സെക്രട്ടറി ദിനേശ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജി എന്നിവര്‍ സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ അറവുമാലിന്യം ആളൊഴിഞ്ഞ പറമ്പില്‍ സംസ്‌കരിച്ചു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കി. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും പഞ്ചായത്ത് അധികാരികള്‍ ആവശ്യപ്പെട്ടു.
കല്ലൂര്‍ മഠം വഴിയിലെ മണ്‍ചിറതോട്ടില്‍ വന്‍തോതില്‍ അറവുമാലിന്യം തള്ളി
