nctv news pudukkad

nctv news logo
nctv news logo

അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി

അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ എക്‌സിബിഷന് തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത് മിഷന്‍ എന്ന അല്മായ പ്രേഷിത മുന്നേറ്റമാണ് മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഫിയാത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ 55 സ്റ്റാളുകളാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷണറി സമൂഹങ്ങള്‍ കൂടാതെ കെനിയ മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിഷന്‍ സ്റ്റാളുകളും ഉണ്ട് എന്നുള്ളത് ഇത്തവണത്തെ സവിശേഷതയാണ്. മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി, ടെലിഫിലിം പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, മത്സരങ്ങള്‍, വൈകീട്ട് മ്യൂസിക് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് മിഷന്‍ എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ദിവസവും രാവിലെ 10മുതല്‍ വൈകീട്ട് 6 വരെയാണ് എക്‌സിബിഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. വിവിധ ഇടവകകളില്‍ നിന്ന് മതബോധന വിദ്യാര്‍ത്ഥികളും ഇടവകാംഗങ്ങളും സംഘം ചേര്‍ന്ന് എക്‌സിബിഷന്‍ കാണുന്നതിനും മിഷനെ അറിയുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഏപ്രില്‍ 14ന് മിഷന്‍ എക്‌സിബിഷന് സമാപനമാകും. 

Leave a Comment

Your email address will not be published. Required fields are marked *