കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ നിന്ന് വികാരി ഫാദര്‍ ജോജൂ ആളൂര്‍ തെളിയിച്ച് നല്‍കിയ വിശ്വാസ ദീപശിഖ കനകമല അടിവാരം പള്ളിയില്‍ എത്തിയതിനു ശേഷമാണ് ചടങ്ങുകള്‍്ക്ക് തുടക്കമായത്. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ 57 ദിവസം നീളുന്ന തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ദേവാലയത്തില്‍ തിരിതെളിയിച്ചു. തുടര്‍ന്ന് വിശ്വാസ ദീപവുമായി കുരിശുമുടിയിലേക്ക് പ്രദക്ഷിണം നടന്നു. കുരിശുമുടി ദേവാലയത്തില്‍ ദീപം പ്രതിഷ്ഠിച്ചശേഷം വിശുദ്ധ കുര്‍ബാനയും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും ഉണ്ടായി. കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി, അസി. വികാരി ഫാ. ഫ്രാന്‍സിസ് പാറയ്ക്ക, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാന്‍, കൈക്കാരന്‍മാരായ ആന്റണി കരിയാട്ടി, ഷിജു പഴേടത്ത്പറമ്പില്‍, ലിജോ ചാതേലി, ജോസ് വെട്ടുമനിക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍, പി.ആര്‍.ഒ. ബിജു ചുള്ളി, ദീപപ്രയാണം കണ്‍വീനര്‍ ബിനോയ് മഞ്ഞളി എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ഥാടകര്‍ക്ക് രാത്രിയില്‍ മലകയറുന്നതിനായി അടിവാരം മുതല്‍ കുരിശുമുടിവരെയുള്ള പാതയില്‍ ആയിരത്തോളം വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നേര്‍ച്ചഭക്ഷണം, ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. മാര്‍ച്ച് 24നാണ് ഈ വര്‍ഷത്തെ കനകമല മഹാതീര്‍ഥാടനം. ഏപ്രില്‍ ഏഴിന് വിശ്വാസ പ്രഖ്യാപന തിരുനാളോടെ 85ാമത് കനകമല കുരിശുമുടി തീര്‍ഥാടനത്തിന് സമാപനമാകും.
85-ാമത് കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കമായി
