2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പാക്കുക എന്ന് ലക്ഷ്യമിട്ടാണ് നൂറുദിന് കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറുദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാര്‍ഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം, ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, പുതുതായി നിര്‍മ്മിച്ച അംഗന്‍വാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍ തോറും എംസിഎഫ് കേന്ദ്രങ്ങള്‍, അങ്കണവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങള്‍, സോളര്‍, ക്യാമറ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ നിരവധി പദ്ധതികളും പരിപാടികളുമാണ് നൂറു ദിനം കൊണ്ട് നടപ്പാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഒപ്പം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിക്കും, പുല്ലൂര്‍ ലിഫ്റ്റ്‌റിഗേഷന്‍ പദ്ധതിക്കും ,കാട തോടുകളുടെ നവീകരണം ,പുതിയ രണ്ട് അംഗനവാടികളുടെ നിര്‍മ്മാണത്തിനും, ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണത്തിനും ഈ നൂറു ദിന പരിപാടിയില്‍ തുടക്കം കുറിക്കും.
നൂറുദിന കര്‍മ്മ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സെക്രട്ടറി റെജി പോള്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍ എ എസ്, നിജി വത്സന്‍ ,മനീഷ മനീഷ്, മണി സജയന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിതാ രവി ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം ,വി ഇ ഒ സിനി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.