മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സ് പരിപാടിയോടനുബന്ധിച്ച് ഡിസംബർ 6ന് തലോരിലും പരിസരത്തും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരമാവധി ഒല്ലൂർ വഴി ഒഴിവാക്കി കുട്ടനെല്ലൂർ വഴി ഹൈവേയിൽ കയറി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒല്ലൂർ സെൻററിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മരത്താക്കര വഴി പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ഒല്ലൂർ എസ്റ്റേറ്റ് പടിയിലെത്തുന്ന വാഹനങ്ങൾ ഒല്ലൂർ സെൻറർ, മരത്താക്കര വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും തലോർ റോഡിൽ വരുന്ന വാഹനങ്ങൾ കിണർ സ്റ്റോപ്പിൽ നിന്നും നിന്നും ഇടത്തേക്ക് തിരിഞ്ഞ് ജാൻസി റോഡിലൂടെ ഒല്ലൂർ ഭാഗത്തേക്ക് പോകേണ്ടതും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചിറ്റിശ്ശേരി വഴിയും പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുട്ടനെല്ലൂർ വഴിയോ നടത്തറ വഴിയോ തൃശ്ശൂരിലേക്ക് പോകേണ്ടതാണ്.
നവ കേരള സദസ്സ് നടക്കുന്ന 6ന് ഉച്ചക്ക് രണ്ട് മണി മുതൽ തലോർ ഓവർ ബ്രിഡ്ജ് മുതൽ എസ്റ്റേറ്റ് പടി വരെയുള്ള ഭാഗത്ത് റോഡിൻെറ ഇരുവശങ്ങളിലും ഒരു തരത്തിലുള്ള പാർക്കിങ്ങുകളും അനുവദിക്കുന്നതല്ല. നവ കേരള സദസ്സിൽ പങ്കെടുക്കുന്നതിനുള്ള ആളുകളുമായി വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയ ശേഷം പോലീസ് നിർദ്ദേശിക്കുന്ന പാർക്കിങ്ങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങളും തിരക്കും മൂലം മറ്റ് യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ കൃത്യമായും പാലിച്ച് കൊണ്ട് സഹകരിക്കണമെന്ന് പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ യു. എച്ച്. സുനിൽ ദാസ് അറിയിച്ചു.