സൗജന്യ സ്വയം തൊഴില്‍ പരിശീലനം
വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417.
ഷോര്‍ട്ട് ഫിലിം മത്സരം
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണര്‍ത്തുന്നതുമായ ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനത്തുകയായി ലഭിക്കും. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്. മത്സരവിഭാഗത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ മേല്‍വിലാസം സഹിതം ഡിസംബര്‍ 20 നകം വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാവുന്നതാണ്. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം – 33. ഫോണ്‍: 0471 2308630.
ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി/ ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. ഡിസംബര്‍ 7 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 0487 2333242.
ഐഎച്ച്ആര്‍ഡി; മേഴ്‌സി ചാന്‍സ് പരീക്ഷ നടത്തും
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ 2018 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 2024 ഫെബ്രുവരി മാസത്തില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ 5 വരെ ഫൈന്‍ കൂടാതെയും ഡിസംബര്‍ 7 വരെ 100 രൂപ ഫൈനോട് കൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ടൈംടേബിള്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322985, 0471 2322501.
പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ ;ലൈഫ് സര്‍ട്ടിഫിക്കറ്റ് നവം. 30 നകം സമര്‍പ്പിക്കണം
പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം സമര്‍പ്പിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയതായിരിക്കണം ലൈഫ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ നവംബര്‍ തീയതിയിലുള്ള ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം.
നേരിട്ടോ ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്കൂടി നല്‍കണം.
തൃശ്ശൂരില്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള ഐപിആര്‍ഡിയുടെ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0487 2360848.