കല്ലൂര്‍ അയ്യങ്കോട് തങ്കയും കുടുംബവും ഏറെനാളായി ഷെഡിലായിരുന്നു താമസം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തങ്കയോടൊപ്പം മകളും 2 പേരക്കുട്ടികളുമാണ് താമസിക്കുന്നത്. സുരക്ഷിതമായൊരു ഭവനമില്ലാതെ വേദനിച്ച കുടുംബത്തിന് ലയണ്‍സ് ക്ലബ് ഓഫ് കല്ലൂരിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ലയണ്‍സ് സ്‌നേഹഭവനം പദ്ധതിയിലൂടെയായിരുന്നു നിര്‍മാണം. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷ്ണല്‍ എംസി ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം നടത്തി. ലയണ്‍സ് ക്ലബ് ഓഫ് കല്ലൂര്‍ പ്രസിഡന്റ് ശിവശങ്കരന്‍ അധ്യക്ഷനായി. മണപ്പുറം സിഇഒ ജോര്‍ജ്ജ് ഡി. ദാസ്, ഫ്രാങ്ക്‌ലിന്‍ ഫ്രാന്‍സിസ്, ജോണ്‍ തെക്കേടത്ത്, സാജു അവറാച്ചന്‍, ബിജു ജയരാജ്, വര്‍ഗീസ് നമ്പാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.