തൊട്ടിപ്പാള്‍ പുളിക്കല്‍ അജിത്ത്കുമാറിന്റെ ഭാര്യ 47 വയസുള്ള ഷേര്‍ളിയാണ് മരിച്ചത്. മാപ്രാണത്തുള്ള സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 4നാണ് പനിയെ തുടര്‍ന്ന് പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഷേര്‍ളി ചികിത്സ തേടിയത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്നാണ് മാപ്രാണത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പൂക്കരയിലെ ഡോക്ടര്‍ റഫര്‍ ചെയ്യുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് മാപ്രാണത്തുള്ള ആശുപത്രിയില്‍ ഡെങ്കിപ്പനി സ്ഥീരീകരിക്കുകയും അവിടെ ഷേര്‍ളിയെ അഡ്മിറ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ അഡ്മിറ്റു ചെയ്ത വേളയില്‍ മാത്രമാണ് ഡോക്ടര്‍ എത്തിയതെന്നും പിന്നീട് ആരോഗ്യം വഷളായ സാഹചര്യത്തില്‍ പോലും ഡോക്ടര്‍ എത്തിയില്ലെന്നും ഷേര്‍ളിയുടെ കുടുംബം ആരോപിക്കുന്നു. നഴ്‌സുമാരുടെ പരിചരണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്. ഡെങ്കിപ്പനിയ്ക്ക് ചികിത്സ നടക്കുന്നതിനിടെ ഹൃദയാഘാതം മൂലം ബുധനാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മുളങ്ങിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. അഞ്ജിത, അഭിജിത്ത് എന്നിവരാണ് ഷേര്‍ളിയുടെ മക്കള്‍. അതേ സമയം അഡ്മിറ്റായ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ഷേര്‍ളിയ്ക്ക് മതിയായ ചികിത്സ നല്‍കിയെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുള്ളത്.