nctv news pudukkad

nctv news logo
nctv news logo

ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ടി.എന്‍. പ്രതാപന്‍ എംപി കത്ത് നല്‍കി 

toll plaza

അശാസ്ത്രീയമായ നിര്‍മാണവും റോഡ് പരിപാലനത്തിലെ അലംഭാവവും മൂലം യാത്രക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇവിടെ സമ്മാനിക്കുന്നതെന്നും എംപി ആരോപിച്ചു. ദേശീയപാത 544 മണ്ണുത്തി ഇടപ്പള്ളി പാതയുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നിര്‍മ്മാണ കമ്പനി ടോള്‍ പിരിവില്‍ മാത്രമാണ് താല്പര്യം കാണിക്കുന്നെന്നാണ് എംപിയുടെ ആരോപണം. 721.17 കോടി രൂപയുടെ നിര്‍മ്മാണ കരാറുള്ള കമ്പനി 2012 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ 1210 കോടി ടോള്‍ വഴി പിരിച്ചെടുത്തു. കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിവ് തുടര്‍ന്നാല്‍ ഏകദേശം നാലായിരം കോടി രൂപയെങ്കിലും കമ്പനി പിരിച്ചെടുക്കും. എന്നാല്‍ നിര്‍മ്മാണ കമ്പനിക്ക് അതിനുള്ള അവകാശമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരന്തരം കരാര്‍ ലംഘനം നടത്തിയ കമ്പനിക്കെതിരെ അന്വേഷണം വേണമെന്നും ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നുമാണ് എംപി ആവശ്യമുന്നയിക്കുന്നത്. നിര്‍മ്മാണത്തിലെ അപാകത മൂലം ഈ ആറുവരിപ്പാതയില്‍ ഒന്നുപോലും യാത്രാക്ഷമമല്ലാത്ത വിധം തകര്‍ന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്തുന്ന കാര്യത്തില്‍ കമ്പനി വഞ്ചനാപരമായ സമീപനമാണ് പുലര്‍ത്തി വരുന്നത്. 2022 നവംബറില്‍ നടന്ന സുരക്ഷാ ക്രമീകരണ പരിശോധനയില്‍ 30 കവലകളിലായി പത്ത് ബ്ലാക് സ്‌പോട്ടുകളടക്കം അതിതീവ്രതയുള്ള അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തിയിരുന്നതായും ആരോപണമുന്നയിച്ചു. ടോള്‍ പ്ലാസ ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് പലപ്പോഴായി ഉണ്ടായ പരാതികളും എംപി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കിയ ശേഷവും ടോള്‍ നടത്തിപ്പിലെ പോരായ്മകള്‍ കാരണം യാത്രക്കാര്‍ വലിയ സമയ നഷ്ടം നേരിടുന്നത് പതിവാണെന്നും മന്ത്രിയോട് എംപി വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *