nctv news pudukkad

nctv news logo
nctv news logo

വളഞ്ഞുപാടത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള പുതുക്കാട് പഞ്ചായത്തിന്റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുതുക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു

pudukad valajoopadam

ഈ മാസം 22ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പുതുക്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആറാം വാര്‍ഡിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് ഒരു മാലിന്യ സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. മാലിന്യ പാര്‍ക്കില്‍ ഫീകല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, അറവുശാല, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം എന്നിവ അടങ്ങുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. എന്നാല്‍  ഇത്രയധികം ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് നടപടിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. പ്രതിഷേധ പരിപാടികള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ രശ്മി ശ്രീഷോബ് അധ്യക്ഷത വഹിച്ചു. ജനകീയ സമിതി കണ്‍വീനര്‍ എന്‍.എസ്. അഭിജിത്ത്, പി.എന്‍. ഷിനോഷ് എന്നിവര്‍ പ്രസംഗിച്ചു.വളഞ്ഞുപാടം മാലിന്യപ്ലാന്റ് വിഷയത്തില്‍ പുതുക്കാട് പഞ്ചായത്ത് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. നിലവില്‍ ചെങ്ങാലൂര്‍ മാട്ടുമലയില്‍ ജനസാന്ദ്രത കുറഞ്ഞ സ്ഥലം ശ്മശാനം നിര്‍മിക്കുന്നതിനായി നേരത്തെ തന്നെ പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ളതാണ്. ശുചിത്വമിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അത്യാധുനിക രീതിയിലുള്ള ക്രിമിറ്റോറിയമാണ് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് പൂര്‍ണമായും പഞ്ചായത്തിലെ ജനവിഭാഗത്തിന് മുന്‍ഗണന നല്‍കി കൊണ്ടുള്ള പദ്ധതിയാണ്. എന്നാല്‍ ഇതിനെ ക്കുറിച്ച് മനസിലാക്കാതെയാണ് ചിലര്‍ പദ്ധതിക്കെതിരെ വന്നിട്ടുള്ളതെന്നാണ് പഞ്ചായത്തിന്റെ പക്ഷം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഹൈക്കോടതി നിര്‍ദേശമുള്ളതാണ്. ഇതു നടപ്പാക്കുക മാത്രമാണ് ചെയ്തത്. പദ്ധതി ഏറ്റെടുത്തതിന്റെ പേരില്‍ മാട്ടുമല പ്രദേശത്ത് മാലിന്യമലയും മാലിന്യപ്ലാന്റും സൃഷ്ടിക്കുവാന്‍ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് പറഞ്ഞു. പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ മാംസ വില്‍പന നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത ലൈസന്‍സ് ലഭ്യമാക്കുന്നതിന് വേണ്ടിയും ഗുണനിലവാരമുള്ള മാംസം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ഉറപ്പ് വരുത്തുന്നതിനും തദ്ദേശവാസികളുടെ സഹകരണത്തോടുകൂടി ആധുനിക രീതിയിലുള്ള അറവ് ശാല സ്ഥാപിക്കുന്നതിനുമാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെന്നും പ്രസിഡന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *