nctv news pudukkad

nctv news logo
nctv news logo

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി

pudukad arrest

ഛത്തീസ്ഗഢ് സ്വദേശി 20 വയസ്സുള്ള ദീപക് കുമാര്‍ സിങാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി. രേഖകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്ക് 12 വയസാണ് പ്രായം. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പൊലീസ് സ്‌റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നിന്നുമാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം റെയില്‍വെ സ്‌റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിച്ച് ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയുടെ കൈയ്യിന് മുറിവേല്‍പ്പിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുമായി ട്രെയിനില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അപ്പോള്‍ ഇവരെ തടയാനായി പോര്‍ട്ടര്‍മാര്‍ എത്തി. അതോടെ പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടയിലാണ് പ്രതിയേയും കുട്ടിയേയും പുതുക്കാട് നിന്നും കണ്ടെത്തുന്നത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *