ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ വിപുലമായാണ് ആഘോഷിച്ചത്. തൈനടീല്‍ മാത്രമല്ല എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള കരുതലും ചടങ്ങിന്റെ ഭാഗമായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറാന്‍ ചലച്ചിത്രനടി മഞ്ചുവാര്യര്‍ എത്തിയതും കുട്ടികള്‍ക്ക് ഏറെ സന്തോഷമുളവാക്കി. താരതിളക്കത്തിലാര്‍ന്ന പരിപാടിയില്‍ ഒരുക്കിയ ബാനര്‍ ചിത്രരചന, പ്രകൃതി ചിത്രപ്രദര്‍ശനത്തിനും കാഴ്ചക്കാര്‍ ഏറെയായിരുന്നു. പ്രകൃതിയിലെ കാണാകാണാക്കാഴ്ചകളും കാടിന്റെ സൗന്ദര്യവുമെല്ലാം ചിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ചിമ്മിനിയുടെ വിവിധ ഭാഗങ്ങളില്‍ നക്ഷത്ര വൃക്ഷത്തൈയാണ് നട്ടത്. പരിസ്ഥിതി ദിനത്തിന്റെ സന്ദേശമോര്‍പ്പിച്ച് റാലിയും, പരിസ്ഥിതി ഗാന പ്രകാശനവും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ചിമ്മിനി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഓഫീസര്‍ ഗിരീഷ് രചിച്ച് ആലാപനം ചെയ്ത പാരിസ്ഥിതിക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ ഉള്‍പ്പെടുത്തി. ചടങ്ങ് കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു, അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുമു സ്‌കറിയ, പഞ്ചായത്തംഗം സി.എസ്. അഷറഫ്, ചിമ്മിനി അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ്‌റാഫി എന്നിവര്‍ പ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തില്‍ പീച്ചി വന്യജീവി ഡിവിഷന്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു
