മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ് മറ്റത്തൂര്‍ മട്ട വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മറ്റത്തൂര്‍ മട്ടയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ല പഞ്ചായത്തംഗങ്ങളായ വി.എസ്.പ്രിന്‍സ്, സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, ദിവ്യ സുധീഷ്, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.എസ്.സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി
