കുറുമാലിപുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പൂവാലിതോടിന്റെ ഉത്ഭവ സ്ഥാനത്ത് എത്തിച്ചാല്‍ തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകുമെന്നാണ് നിര്‍ദ്ദേശമുയരുന്നത്. മലയോര പഞ്ചായത്തായ മറ്റത്തൂരിന്റെ പച്ചപ്പുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് വെള്ളിക്കുളം വലിയ തോടാണ്്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉല്‍ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി വാസുപുരത്ത് വെച്ച് കുറുമാലിപുഴയില്‍ ചേരുന്ന ഈ വലിയ തോടിന്റെ പ്രധാന കൈവഴിയാണ് പൂവാലി തോട്. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന പൂവാലിതോട് മുരുക്കുങ്ങല്‍, കിഴക്ക കോടാലി എന്നിവിടങ്ങളിലൂടെ കടന്നാണ് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ തോട്ടില്‍ ചേരുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പൂവാലിത്തോട് വേനല്‍രൂക്ഷമാകുന്നതോടെ വറ്റിപോകും. തോട് വറ്റുന്നതോടെ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകും. പൂവാലിതോട്ടില്‍ ജലരപ്പ് ഉയര്‍ത്തി നിര്‍ത്താനായി രണ്ട് പതിറ്റാണ്ട് തടയണ നിര്‍മിക്കുകയും വെള്ളിക്കുളം തോട്ടിലെ കോപ്ലിപ്പാടം ക്രോസ് ബാറില്‍ നിന്ന് തടയണയിലേക്ക് വെള്ളമെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്‌തെങ്കിലും ഫലപ്രദമായി നടപ്പാക്കാനായില്ല. കുറുമാലിപുഴയിലെ കല്‍ക്കുഴിയില്‍ നിന്ന് വെള്‌ലം പമ്പ് ചെയ്ത് ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെ പൂവാലിതോടിന്റെ പ്രാരംഭ സ്ഥാനത്ത് എത്തിച്ചാല്‍ മേഖലയില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറുമാലി പുഴയിലെ വെള്ളം പൂവാലിതോട്ടിലേക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന് രണ്ട് പതിറ്റാണ്ടോളമായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നതാണ്. ഈ പദ്ധതിക്കായുള്ള കരടു രൂപം വര്‍ഷങ്ങല്‍ക്ക് മുമ്പേ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അധികാരകേന്ദ്രങ്ങളില്‍ നിന്ന് ഇതിനുള്ള പച്ചക്കൊടി കാണിച്ചില്ലെന്ന് പറയുന്നു. ഓരോ വര്‍ഷം ചെല്ലുന്തോറും വേനല്‍ചൂട് വര്‍ധിച്ച് ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂവാലിതോട് പദ്ധതി നടപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.