സര്‍വീസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതുക്കാട് പോലീസ് പിഴ ചുമത്തി തുടങ്ങിയത്. ദീര്‍ഘദൂരങ്ങളിലേക്ക് ജോലിക്ക് പോകുന്നവര്‍ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ബൈക്കുകള്‍ക്ക് 500 രൂപ വരെയാണ് പിഴ ചുമത്തുന്നത്. കൂടാതെ കാറുകള്‍, ടോറസ് പോലുള്ള വലിയ വാഹനങ്ങള്‍ എന്നിവ നിര്‍ത്തിയിടുന്നത് ഗതാഗത തടസത്തിനും വഴിവെക്കുന്നുവെന്ന പരാതിയും പരിശോധന കര്‍ശനമാക്കാന്‍ കാരണമായി. അതേ സമയം ദേശീയ പാതയോരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മറ്റിടങ്ങളിലേക്കും എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.