വത്തിക്കാൻ സിറ്റി • പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റർ എക്സീസിയാ മൊണാസ്ട്രിയിൽ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്.
ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.