ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാന്‍ ആണ് പദ്ധതി നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ വരുന്ന രോഗികള്‍, കൂട്ടിരിക്കുന്നവര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് വരെ വാട്ടര്‍ എടിഎം ഉപകാരപ്രദമാകും. ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച് എടുത്ത കുടിവെള്ളം വാട്ടര്‍ എടിഎം വഴി 24 മണിക്കൂറും ലഭ്യമാകും. വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ. രാജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. ശിവരാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.സി. അശ്വതി എന്നിവര്‍ പ്രസംഗിച്ചു.