കടമ്പോട് പുണര്‍ക്ക വീട്ടില്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികള്‍ നാശമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ കര്‍ഷകന്റെ അമ്പതോളം നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വാഴകള്‍ക്കു പുറമെ കൃഷിയിടത്തില്‍ നട്ടിരുന്ന തെങ്ങിന്‍തൈകളും കാട്ടുപന്നികള്‍ കുത്തി മറിച്ച് നശിപ്പിച്ചു. നേരത്തെ ചേമ്പ്, ചേന, കൂര്‍ക്ക, കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ് പന്നിക്കൂട്ടം നശിപ്പിച്ചിരുന്നത്. പന്നികളെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പ്രദേശത്തെ പ്രധാന കാര്‍ഷിക വിളയായ വാഴകളും പന്നികള്‍ കുത്തിനശിപ്പിക്കാന്‍ തുടങ്ങിയതോടെ നിരാശയിലായിരിക്കുകയാണ് കര്‍ഷകര്‍.