വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശികളായ നാലുപേരാണ് നിയമ ലംഘനം നടത്തി യാത്ര ചെയ്തത്. മുന്‍പിലും പിറകിലും നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വേഗതയില്‍ പോകുന്നതുകണ്ട കാറിനെ പുറകില്‍ വന്നിരുന്ന കാര്‍ യാത്രക്കാരനായ കടുപ്പശ്ശേരി സ്വദേശി കൊക്കാട്ടില്‍ നോയല്‍ ഡേവീസ് പിന്‍തുടരുകയായിരുന്നു. മണ്ണുത്തി മേല്‍പ്പാലം മുതലാണ് അമിത വേഗതയില്‍ പായുന്ന കാര്‍ നോയലിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പുതുക്കാട് പോലീസില്‍ വിവരമറിയിച്ച നോയല്‍ പാലിയേക്കര ടോളില്‍വെച്ച് കാര്‍ തടയുകയായിരുന്നു. സമീപത്ത് പരിശോധന നടത്തിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാര്‍ യാത്രക്കാരോട് ചോദിച്ചപ്പോള്‍ തെലങ്കാനയില്‍ നിന്നും വരുന്ന ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കാറെടുത്ത് അമിത വേഗതയില്‍ പോകുകയായിരുന്നു. ഭാവത്തില്‍ പന്തികേട് തോന്നിയ നോയല്‍ പോലീസിനെ വീണ്ടും വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പുതുക്കാട് സിഗ്‌നല്‍ ജംഗ്ക്ഷനില്‍ കാര്‍ പിടികൂടുകയായിരുന്നു. സ്‌റ്റേഷനിലെത്തിയപ്പോഴും കാര്‍ യാത്രക്കാര്‍ ഐപിഎസുകാര്‍ തന്നെയെന്ന് പറഞ്ഞതോടെ സ്‌റ്റേഷനില്‍ ആവശ്യത്തിലേറെ പരിഗണനയും പോലീസ് നല്‍കി. പിന്നീട് ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ ഐപിഎസുകാരല്ലെന്ന് മനസിലായത്. നാലംഗ സംഘത്തിലെ മൂന്നുപേര്‍ തെലങ്കാനയിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരണെന്നും, ശബരിമലയിലേക്കുള്ള യാത്രയില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപെടാനാണ് സര്‍ക്കാര്‍ വാഹനമെന്ന സ്റ്റിക്കര്‍ പതിച്ചതെന്നും ഇവര്‍ പറഞ്ഞു. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച പോലീസ് മോട്ടോര്‍ വാഹന വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ നമ്പര്‍ ഇല്ലാതെ വാഹനമോടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നോയല്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തെറ്റ് ചൂണ്ടികാണിച്ച നോയലിന് പോലീസില്‍ നിന്നും തെലങ്കാനക്കാര്‍ക്ക് കിട്ടിയ പരിഗണന പോലും കിട്ടിയില്ല. എംവിഡി ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി വിശദമായി പരിശോധിച്ചെങ്കിലും കാറിന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. നമ്പര്‍ പതിപ്പിക്കാത്തതിനും, സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ വാഹനമെന്നെഴുതി യാത്ര ചെയ്തതിനുമായി 3000 രൂപ പിഴ മാത്രമാണ് ചുമത്തിയത്. എന്നാല്‍ പോലീസിനെ മണിക്കൂറുകളോളം വട്ടംക്കറക്കുകയും കബളിപ്പിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടപടിയൊന്നും എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല