86 ഗ്രാമപഞ്ചായത്തുകള്‍, 16 ബ്ലോക്കുകള്‍, ഏഴ് നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്, ക്രിക്കറ്റ് ഇനങ്ങളോടെ മത്സരങ്ങള്‍ക്ക് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷോട്ട് പുട്ട് എറിഞ്ഞാണ് മത്സരങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, മുന്‍ അത്‌ലറ്റിക് താരം അബ്ദുള്ള, യൂത്ത് പ്രോഗ്രം ഓഫീസര്‍ സിടി സബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരകളില്‍ തെളിഞ്ഞ കേര സംസ്‌കൃതിയോടെയാണ് കേരളോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായത്. ശില്‍പി ടി.പി. പ്രേംജിയുടെ വരയില്‍ അവതരിച്ച കേരനാട് കേരളോത്സവത്തിന്റെ വരവറിയിച്ചു. ഉപന്യാസം, കഥ, കവിത തുടങ്ങി രചന മത്സരങ്ങളോടെയാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്‌റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീല്‍ ആദൂര്‍, പി.എസ്. വിനയന്‍, സീനിയര്‍ സൂപ്രണ്ട് കെ.പി. മോഹന്‍ദാസ്, സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗം പശുപതി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 17 വരെയാണ് മത്സരങ്ങള്‍ നടക്കുക. വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, എസ്എന്‍ കോളേജ് നാട്ടിക, ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന്‍, ജില്ലാ പഞ്ചായത്ത് ഹാള്‍, ടിഎസ്ജിഎ തൃപ്രയാര്‍, തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സ്, ഏങ്ങണ്ടിയൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയം, മുണ്ടൂര്‍ കൈപ്പറമ്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് സ്‌പോര്‍ട്‌സ് ഇനങ്ങള്‍ നടക്കുന്നത്. റീജിയണല്‍ തീയറ്റര്‍, ജവഹര്‍ ബാലഭവന്‍, തൃശൂര്‍ ബിഎഡ് കോളേജ്, ജില്ലാ പഞ്ചായത്ത് ഹാള്‍ തുടങ്ങിയവ കലാ മത്സരങ്ങള്‍ക്ക് വേദിയാകും.