എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമത്വവല്‍ക്കരിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. എച്ച്ഐവിയും എയ്ഡ്സും ഒന്നാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. എയ്ഡ്‌സ്, എച്ച്‌ഐവി എന്നിവ തമ്മിലുള്ള വ്യത്യാസം, പരിചരണം, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. എന്നാല്‍ എല്ലാ എച്ച്ഐവി കേസുകളും എയ്ഡ്സ് ഉണ്ടാക്കുന്നില്ല. രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകള്‍ക്കെതിരെ പോരാടാന്‍ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
ലൈംഗിക ബന്ധം, രക്തദാനം, ബ്ലഡ് പ്രൊഡക്ടുകള്‍ മുതലായവയിലൂടെയാണ് എച്ച്ഐവി പകരുന്നത്. രോഗബാധിതരായ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കും എച്ച്ഐവി പകരാമെന്ന് കൊച്ചി അമൃത ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗം ഫിസിഷ്യന്‍ ഡോ. കിരണ്‍ ജി കുളിരാങ്കലിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. രോഗാണുബാധ ഉണ്ടായ ശേഷമുള്ള ആദ്യ സമയത്തെ പ്രൈമറി എച്ച്ഐവി സിന്‍ഡ്രോം എന്ന് വിളിക്കാറുണ്ട്.
പനി, ലിംഫ് ഗ്രന്ഥികളില്‍ നീര്. ശരീരഭാരം കുറയല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയാണ് എയ്ഡ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്ഐവി ബാധിതനായ രോഗിക്ക് ട്യൂബര്‍ക്കുലോസിസ്, തലച്ചോറിലെ അണുബാധകള്‍, ന്യൂമോണിയ, ട്യൂമര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
എയ്ഡ്‌സ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി എച്ച്ഐവി മരുന്നുകള്‍ കണ്ടെത്തിയതോടെ മരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ രോഗനിര്‍ണയം നടത്തുകയും ആരംഭിക്കുകയും ചെയ്ത രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും.
അടിയന്തര ധനസഹായം, അവബോധം, മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ ആവശ്യമുള്ള ഗുരുതരമായ പ്രശ്നമാണിതെന്ന് പൊതുജനങ്ങളെയും സര്‍ക്കാരിനെയും ഓര്‍മ്മപ്പെടുത്തുന്നതിനാണ് ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത്.