കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു.
ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍. 1947 ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. അതായത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.