സ്പാകളില്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായുള്ള പരാതി കൂടിവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തുന്നവര്‍ അത് സ്വയം അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന് സ്പാ പദ്ധതി നടപ്പാക്കുകയാണ്. അനധികൃത നടത്തിപ്പും, ലൈംഗിക ചൂഷണം നടത്തുന്ന പരാതിയും വ്യാപകമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
സ്പാകള്ക്കായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദേഹം പറഞ്ഞു. സ്പാകളില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ ചൂഷണപരമായി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ അടിയന്തരമായി പൂട്ടണം. ശക്തമായ നിയമ നടപടികള്‍ ഇതിന്റെ പേരില്‍ ഉണ്ടാകും. യാതൊരു നിയമവും പാലിക്കാതെ നടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന് തൂഫാന് കൂടുതല്‍ ശക്തമാക്കുകയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തൂഫാന് കൂടുതല്‍ വ്യാപകമാക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. മയക്കുമരുന്ന് 30 ശതമാനത്തില്‍ ഏറെ കുറഞ്ഞുവെന്നാണ് കണക്കുകൂട്ടല്‍. അക്രമ സംഭവങ്ങളും കൊലപാതക പ്രശ്നങ്ങളും കുറയുന്നു. ക്രമസമാധാന പ്രശ്നങ്ങളും കുറയുന്നു. തൂഫാന് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസംകൊണ്ട് പതിനായിരത്തിലധികം പേരെ പൊലീസ് മദ്യപിച്ചു വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചപ്പോള്‍ സമാന സാഹചര്യത്തില്‍ 6 കുട്ടികള്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെന്നും എന്താണ് അവിടെ സംഭവിച്ചത് എന്നത് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയ്ക്കടുത്ത് വയോധികയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ വേഗത്തില്‍ പിടികൂടിയതിന് തൃശ്ശൂര്‍ റൂറല്‍ പോലീസിനെ ആഭ്യന്തരമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.






