പ്രസവശസ്ത്രക്രിയക്കുശേഷം യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കാളക്കല്ല് പുളിഞ്ചോട് കൊടക്കാടന്‍ ശശിയുടെയും ഗിരിജയുടെയും മകള്‍ 28 വയസുള്ള കെ.എസ്.ഗംഗയാണ് മരിച്ചത്. പുത്തന്‍പുര വിഷ്ണുവിന്റെ ഭാര്യയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയക്കിടെ ഗുരുതരാവസ്ഥയിലായെന്നും തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ജനിച്ച കുഞ്ഞ് വേലൂപ്പാടത്തെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഗംഗയുടെ മരണത്തില്‍ വേലൂപ്പാടത്തെ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് വെള്ളിയാഴ്ച തന്നെ ബന്ധുക്കള്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ.






