പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ആശ്വാസം. കേന്ദ്രം പൂട്ടിടാന്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ കത്ത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഹൈക്കോടതി ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അണ്‍ഫിറ്റ് കെട്ടിടത്തിലെ പ്രവര്‍ത്തനം ചൂണ്ടികാട്ടി സെപ്റ്റംബര്‍ 26നാണ് അധികൃതര്‍ കേന്ദ്രം അടപ്പിച്ചത്. ഇതോടെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി. തങ്കം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സുസ്ഥിരയ്ക്ക് അതേ സ്ഥലത്ത് തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന മുറിയിലെ പാലിയേറ്റീവ് പരിചരണ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ അനുവദിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബര്‍ 13ലേക്ക് മാറ്റിയിട്ടുണ്ട്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പരാതിയിലാണ് ജില്ലാകളക്ടറുടെ നിര്‍ദേശ പ്രകാരം കെട്ടിടത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.
അതേസമയം, സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ ആശ്രയിക്കുന്ന രോഗികളെ പരിഗണിക്കാതെയുള്ള നടപടിയാണ് അധികൃതര്‍ നടപ്പാക്കിയെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.






