nctv news pudukkad

നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ പുറത്ത്; കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപ, ബി.ജെ.പി 82 കോടിയിലേറെ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് 105 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകളാണ് പുറത്തുവന്നത്.

കേരളത്തില്‍ ബി.ജെ.പി 82 കോടി 67 ലക്ഷം രൂപയും സി.പി.ഐ.എം 23 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ ചെലവഴിച്ചത് 249 കോടി രൂപയാണ്. ഇതില്‍ ഏകദേശം 45 ശതമാനം തുകയും കേരളത്തിലാണ് ചെലവഴിച്ചത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് 42 കോടി രൂപയാണ് ചെലവഴിച്ചത്.

അതേസമയം, ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത് 529 കോടി രൂപയിലേറെയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക പശ്ചിമ ബംഗാളിലാണ് 286 കോടി രൂപ. അസമില്‍ 96 കോടി 26 ലക്ഷം രൂപയും കേരളത്തില്‍ 82 കോടി 67 ലക്ഷം രൂപയും തമിഴ്‌നാട്ടില്‍ 51 കോടി 56 ലക്ഷം രൂപയും പുതുച്ചേരിയില്‍ 11 കോടി 89 ലക്ഷം രൂപയും ബി.ജെ.പി ചെലവഴിച്ചതായാണ് കണക്ക്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണച്ചെലവിന് സമാനമായ നിയമപരിധിയില്ല.

യാത്ര, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ തുടങ്ങിയ ഇനങ്ങളിലെ ചെലവുകളുടെ വിശദമായ കണക്കുകള്‍ ഓരോ തിരഞ്ഞെടുപ്പിനും ശേഷം പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്. പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഈ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *