nctv news pudukkad

ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊരട്ടിയില്‍ മോട്ടോര്‍ സൈക്കിള്‍ അനുമതിയില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്ത സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ സ്‌റ്റേഷന്‍ റൗഡി അറസ്റ്റില്‍. മേലൂര്‍ പൂലാനി സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുമിത്ത് ആണ് അറസ്റ്റിലായത്. മേലൂര്‍ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടില്‍ ജില്‍ജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്.

ജൂലൈ 6ന് രാത്രി 8.30ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമില്‍ വെച്ചാണ് സംഭവം നടന്നത്. ജില്‍ജിത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രതിയായ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോവുകയും, ആ സമയത്ത് സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ജില്‍ജിത്ത് ചോദിക്കുകയും, ഇനി വണ്ടി കൊണ്ടുപോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ജില്‍ജിത്തിനെ തടഞ്ഞുനിര്‍ത്തി പേന കൊണ്ട് കുത്തിയതില്‍ ഇടതു കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റു. ആക്രമണത്തിന് ശേഷം, പരിക്കേറ്റത് വാഹനത്തില്‍ നിന്ന് വീണതാണെന്ന് പറയിപ്പിക്കാന്‍ പ്രതി ജില്‍ജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സുമിത്ത് പതിനൊന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൊരട്ടി പൊലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ ഹബീബുള്ള, എസ് ഐ മാരായ ഷിബു, സുമേഷ്, ജി എ എസ് ഐ മാരായ ജോഷി, ഷിജോ, ഷീബ ജി എസ് സി പി ഒ മാരായ അബിലാഷ്, നിഖിലന്‍, സി പി ഒ മാരായ ശ്രീജിത്ത്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *