nctv news pudukkad

രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കമായി. കേരളത്തിലെ ക്ഷേത്രങ്ങളിലും വീടുകളിലും ഇനി ഒരു മാസക്കാലം രാമനാമവും രാമായണ പാരായണവും മുഴങ്ങും.

തോരാമഴയുടെ കർക്കിടക മാസത്തെയാണ് മലയാളികൾ പണ്ടുകാലം മുതൽ ‘കള്ള കർക്കിടകം’, ‘പഞ്ഞ കർക്കിടകം’ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നത്. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗമായിരുന്ന കാലത്ത് ദുരിതവും രോഗങ്ങളും ഏറെയുണ്ടായിരുന്ന മാസമായിരുന്നു കർക്കിടകം.

ഈ കാഠിന്യങ്ങളെ അതിജീവിക്കാൻ രാമായണ പാരായണം ആത്മീയമായ കരുത്ത് പകരുമെന്നാണ് വിശ്വാസം. സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ കാലയളവിൽ വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് ദശപുഷ്പം ചൂടി കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് രാമായണം പാരായണം ചെയ്യുന്നത് പതിവാണ്.

ആരോഗ്യ സംരക്ഷണത്തിനും കർക്കിടക മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആയുർവേദ ചികിത്സകൾക്കും ഔഷധക്കഞ്ഞി ഉൾപ്പെടെയുള്ള പരമ്പരാഗത ആരോഗ്യപരിപാലന രീതികൾക്കും ഏറ്റവും അനുയോജ്യമായ കാലമായാണ് കർക്കിടകത്തെ കണക്കാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *