പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി റിമാന്റില്‍. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി 34 വയസുള്ള പ്രഭാകരനെയാണ് കോടതി റിമാന്റ് ചെയ്തത്.
ജൂലൈ 14ന് രാവിലെ മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുതുക്കാട് പൊലീസ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം അറിഞ്ഞയുടന്‍ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി സീന്‍ഗാര്‍ഡ് ഏര്‍പ്പെടുത്തുകയും, സയന്റിഫിക് ഓഫീസര്‍, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു.
ചന്ദ്രന്‍ വര്‍ഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടിയിലാണ് തങ്ങാറുള്ളത്. ആക്രി പറക്കി വിറ്റാണ് ചന്ദ്രന്‍ ജീവിതച്ചെലവിന് പണം കണ്ടെത്തുന്നത്. പ്രതിയായ പ്രഭാകരനും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ്. ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയില്‍ പ്രഭാകരന്‍ തങ്ങുന്നത്. ജൂലൈ 13ന് ആക്രി പറുക്കി വിറ്റ പണം ഉപയോഗിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടുത്തുള്ള കള്ള് ഷാപ്പില്‍ വെച്ച് കള്ള് കുടിച്ചിരുന്നു. തുടര്‍ന്ന് പാലത്തിനടിയില്‍ വെച്ച് ബീവറേജില്‍ നിന്ന് ഇരുവരും ചേര്‍ന്ന് മദ്യം വാങ്ങുകയും വീണ്ടും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു രാത്രി മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ചന്ദ്രന്‍ പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചന്ദ്രനെ കരിങ്കല്ലുകൊണ്ടും കോണ്‍ക്രീറ്റ് കഷണങ്ങള്‍ കൊണ്ടും തലയില്‍ എറിഞ്ഞും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘം പല ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ തലേദിവസം ചന്ദ്രനോടൊപ്പം കാലില്‍ മുട്ടിന് താഴെയുള്ള മുറിവ് കെട്ടി വച്ച നിലയില്‍ ഒരാള്‍ ഉണ്ടായിരുന്നതായും അയാളെ ഇപ്പോള്‍ കാണാനില്ലയെന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത്തരത്തിലുള്ള അടയാള വിവരങ്ങളോടു കൂടിയ ആളെക്കുറിച്ച് അന്വേഷണ സംഘം പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയില്‍ കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഇതുപോലെയുള്ള ഒരാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് കുട്ടനെല്ലൂരില്‍ അന്വേഷണ സംഘം എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രഭാകരന്‍ തമിഴ്‌നാട് ധര്‍മ്മപുരി പെന്‍നഗരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആദം ഖാന്‍, എസ്‌ഐമാരായ ഋഷിപ്രസാദ്, പാട്രിക്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ ലിയാസ്, ജോബി, ദീപക്, ഷിനോജ്, അരുണ്‍, മനീഷ്, ഫൈസല്‍, യദു കൃഷ്ണന്‍, ജിന്റോ, ഷെയ്ഖ് ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






