കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. 2024 ജൂലൈ 16-ന് ദേശീയപാത 66-ൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ നിരവധി ജീവനുകളാണ് കവർന്നത്. എന്നാൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യമായിരുന്നു. മഴയും കുത്തൊഴുക്കും വെല്ലുവിളിയായ തിരച്ചിൽ ഒടുവിൽ 72 ദിവസങ്ങൾക്ക് ശേഷം ഗംഗാവലി പുഴയിൽ അവസാനിച്ചു. അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെയാണ് ഒരു സംസ്ഥാനത്തിന്റെ കാത്തിരിപ്പിന് വിരാമമായത്.
2024 ജൂലൈ 16-ന് രാവിലെ എട്ടരയോടെയാണ് ഷിരൂരിലെ ദേശീയപാത 66-ൽ ദുരന്തമുണ്ടായത്. കുന്നിടിഞ്ഞ് മണ്ണും പാറയും ചെളിയും റോഡിലേക്ക് പതിച്ചതോടെ ചായക്കടയും സമീപത്തെ വീടുകളും തകർന്നു. ദേശീയപാതയിൽ ഉണ്ടായിരുന്ന വാഹനങ്ങൾ മണ്ണിനടിയിലായി. മലയാളിയായ ലോറി ഡ്രൈവർ അർജുന്‍ ഉൾപ്പെടെ നിരവധി പേരെ കാണാതായി.
രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉൾപ്പെടെ വിവിധ ഏജൻസികൾ രംഗത്തിറങ്ങിയെങ്കിലും ദിവസങ്ങളോളം നിർണായക പുരോഗതിയുണ്ടായില്ല.
ജൂലൈ 20-ന് സോണാർ, റഡാർ പരിശോധനകൾ ആരംഭിച്ചു. ജൂലൈ 25-ന് മലയാളിയായ മേജർ ജനറൽ എം. ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരച്ചിലിൽ പങ്കാളികളായി. ജൂലൈ 27-ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും സംഘവും ഗംഗാവലിയിൽ ദൗത്യത്തിന് നേതൃത്വം നൽകി. വിവിധ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
ജൂലൈ അവസാനത്തോടെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരച്ചിൽ പുനരാരംഭിച്ചു. ഓഗസ്റ്റ് 13-ന് രണ്ടാംഘട്ട ദൗത്യം തുടങ്ങി. അടുത്ത ദിവസം നാവികസേന പുഴയിൽ നിന്ന് ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. ഇതോടെ പ്രതീക്ഷ വീണ്ടും ശക്തമായി.
സെപ്റ്റംബർ 20-ന് മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിലെ ചെളിയും മണ്ണും നീക്കി പരിശോധന നടത്തി. സെപ്റ്റംബർ 21-ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയർ ഭാഗങ്ങൾ കണ്ടെത്തി. സെപ്റ്റംബർ 22-ന് ഉദ്യോഗസ്ഥരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈശ്വർ മാൽപെ തിരച്ചിലിൽ നിന്ന് പിന്മാറിയെങ്കിലും, അടുത്ത ദിവസം മേജർ ജനറൽ എം. ഇന്ദ്രബാലന്റെ നേതൃത്വത്തിൽ ദൗത്യം വീണ്ടും സജീവമായി.
ഒടുവിൽ, 72 ദിവസത്തെ കാത്തിരിപ്പിന് ശേഷം 2024 സെപ്റ്റംബർ 25-ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി. കാബിനിൽ നിന്ന് അർജുന്റെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. അനിശ്ചിതത്വത്തിന്റെയും പ്രതീക്ഷയുടെയും രണ്ട് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് അങ്ങനെ വിരാമമായി.
കേരളവും കർണാടകയും ഒരുപോലെ ഉറ്റുനോക്കിയ ഷിരൂർ ദൗത്യം, ദുരന്തനിവാരണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ രക്ഷാ-തിരച്ചിൽ ദൗത്യങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു.






