ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
തൃശൂരില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ ലോറിയും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിറകില്‍ വരികയായിരുന്ന കാര്‍ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ ഒരേ ട്രാക്കിലായ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ മുന്‍ഭാഗത്ത് കുടുങ്ങി. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്ന് റോഡിലേക്ക് ഓയില്‍ ചോര്‍ന്നത് മറ്റൊരു അപകടത്തിനും വഴിവെച്ചു. ഓയിലില്‍ തെന്നി ബൈക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.






