nctv news pudukkad

പുതുക്കാട് മേല്‍പാലം: ദേശീയപാത അതോറിറ്റിക്കെതിരെ പഞ്ചായത്ത് വിമര്‍ശനം

ദേശീയപാത അതോറിറ്റി പുതുക്കാട് മേല്‍പാലം നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് വേണ്ടത്ര മുന്‍കരുതലുകളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെയാണെന്ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഭരണസമിതി കുറ്റപ്പെടുത്തി.

മുന്‍കൂട്ടിയുള്ള മുന്നറിയിപ്പില്ലാതെ നിലവിലുള്ള സര്‍വ്വീസ് റോഡ് അടച്ചത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയസാമൂഹ്യവ്യാപാര രംഗത്തുള്ളവര്‍ എന്നിവരുമായി അധികൃതര്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേല്‍പ്പാലത്തിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്‌റ്റേഷന്‍, ഫയര്‍സ്‌റ്റേഷന്‍, ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ സ്ഥാപനങ്ങളിലേക്കുള്ള വഴികള്‍ അടഞ്ഞുപോകുമെന്ന ആശങ്ക ശക്തമാണ്. പദ്ധതിയുടെ ഫൈനല്‍ ഡിസൈന്‍ പരസ്യപ്പെടുത്താതെ നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നും, കൃത്യമായ ഡിസൈന്‍ ലഭ്യമാക്കിയാല്‍ മാത്രമേ ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നും ഭരണസമിതി വ്യക്തമാക്കി.

പരാതികള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനായി ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനും ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബുവും വൈസ് പ്രസിഡന്റ് കെ.ജെ. ജോജുവും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *