nctv news pudukkad

‘പ്രിയദർശിനി’ക്കായി 600 കോടി; ആശാ പ്രവർത്തകർക്ക് 78 കോടിയുമായി യുഡിഎഫ് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് പ്രഖ്യാപനം.

ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ സ്ത്രീ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.

ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അതേസമയം, സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപയായി കുറച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ സർക്കാർ ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന കേന്ദ്രവിഹിതം ലഭിക്കാത്തതാണ് പദ്ധതി അടങ്കൽ കുറയ്ക്കാൻ കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. ഈ മാറ്റങ്ങൾ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുവെന്നും സംസ്ഥാനത്തിന്റെ ധനഭാരം വർധിപ്പിച്ചുവെന്നുമാണ് സർക്കാരിന്റെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *