പെരുമ്പിലാവില്‍ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വന്നൂര്‍ മാന്തോപ്പ് കരിയാടത്ത് വീട്ടില്‍ സനല്‍ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പിലാവ്–പട്ടാമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ വലിയ അളവില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതികളെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍, കാറിടിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ പൊലീസ് സംഘം അതിവേഗം ഇടപെട്ട് ഇരുവരെയും കീഴ്പ്പെടുത്തി പിടികൂടുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന 35 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ചെറുകിട വിതരണ ശൃംഖലകളിലേക്ക് എത്തിക്കുന്നതിനായാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.






