nctv news pudukkad

മരണക്കയത്തിൽ നിന്ന് അനോഷിന്റെ തിരിച്ചുവരവ്! ആശുപത്രിയിൽ ജന്മദിനം ആഘോഷിച്ചു; കോടാലിയിലെ ആ കണ്ണീർ രാത്രിക്ക് പിന്നാലെ വ്യാഴാഴ്ച വീട്ടിലേക്ക്

കോടാലിയിൽ തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും വ്യാഴാഴ്ച ആശുപത്രി വിടുമെന്നും ഡോക്ടർമാർ അറിയിച്ചു. സഹോദരൻ അൽജോയുടെ വേർപാടിന്റെ നടുക്കത്തിനിടെ അനോഷിന്റെ തിരിച്ചുവരവ് നാടിനും കുടുംബത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്.

കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മകനായ അനോഷ് ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമൊപ്പം കേക്ക് മുറിച്ച് തന്റെ ജന്മദിനം ആഘോഷിച്ച ശേഷമാണ് അനോഷ് ആശുപത്രിയോട് യാത്ര പറയുന്നത്. വിദഗ്ധ ചികിത്സയും കുട്ടിയുടെ മനക്കരുത്തുമാണ് അതിവേഗം രോഗമുക്തി നേടാൻ സഹായിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ആ ദുരന്തം ഉണ്ടായത്. അമിതമായ ചൂട് കാരണം ഹാളിൽ കിടന്നുറങ്ങിയ കുട്ടികൾ പിന്നീട് അമ്മയ്ക്കൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറിക്കിടക്കുകയായിരുന്നു. എന്നാൽ തലയിണയ്ക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പ് ഉറക്കത്തിനിടെ രണ്ടുപേരെയും കടിക്കുകയായിരുന്നു. വയറുവേദനയാണെന്ന് കരുതി ആദ്യം നിസ്സാരമായി കണ്ടെങ്കിലും പുലർച്ചെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വന്നതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും ജ്യേഷ്ഠൻ അൽജോ മരണത്തിന് കീഴടങ്ങിയിരുന്നു.

അൽജോയെ നഷ്ടപ്പെട്ട വലിയ വേദന നിലനിൽക്കുമ്പോഴും, ഇളയ മകൻ അനോഷിനെ ജീവിതത്തിലേക്ക് തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ മാതാപിതാക്കൾ. വ്യാഴാഴ്ച ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കി അനോഷ് വീട്ടിലേക്ക് മടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *