കോടാലി സ്വദേശി ആൽജോയ്ക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിക്ക് ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തലേദിവസം കുടിച്ച ജ്യൂസിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന് കരുതി ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പുകടിയേറ്റ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ ചുരുണ്ടുകൂടിയിരുന്ന ശംഖുവരയനെ കണ്ടെത്തിയത്. അത്യന്തം വിഷമുള്ള ഇനമാണിത്.
മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ നില ഇപ്പോഴും അതിഗുരുതരമായി തുടരുകയാണ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള അനോജിന് ആറ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി.
അതേസമയം, കുട്ടികൾക്ക് കടിയേറ്റ വീടിന്റെ പരിസരത്ത് ഇന്നും പാമ്പിനെ കണ്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തെ കണ്ടെത്തിയ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. അനോജിന്റെ ജീവനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ.






