nctv news pudukkad

പാലിയേക്കരയിൽ വൻ എം.ഡി.എം.എ വേട്ട, രണ്ടുപേർ കുടുങ്ങി!

പുതുക്കാട് വൻ രാസലഹരി വേട്ട. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടിയത്.

ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ബെംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പ്രതികളുടെ യാത്ര. പാലിയേക്കര ടോൾ പ്ലാസയിൽ ബസിറങ്ങിയ പ്രതികളെ രഹസ്യമായി കാത്തുനിന്ന പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പിടിയിലായവർ:

  • അഫ്നാൻ (26) – കൊടുങ്ങല്ലൂർ സ്വദേശി (നിലവിൽ പറവൂരിൽ താമസം).
  • ഷൈൻ (28) – കുന്നംകുളം സ്വദേശി.

പിടിച്ചെടുത്തത്: 90 ഗ്രാം എം.ഡി.എം.എ (ലക്ഷങ്ങൾ വിലമതിക്കുന്നത്).

പിടിയിലായ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഷൈൻ മുൻപും എം.ഡി.എം.എ കടത്തിയ കേസിലും കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ആക്രമിച്ച കേസിലും പ്രതിയാണ്. അഫ്നാൻ വരന്തരപ്പിള്ളി സ്റ്റേഷൻ പരിധിയിൽ നരഹത്യാ ശ്രമത്തിന് കേസ് നേരിടുന്നയാളാണ്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.






Leave a Comment

Your email address will not be published. Required fields are marked *