സംസ്ഥാനത്ത് വേനൽ ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് വൈദ്യുതിയാണ് ഉപഭോഗം രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയധികം ഉയരുന്നത്.
ചൂട് താങ്ങാനാവാതെ എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ഇന്നലെ ജില്ലയിൽ 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ താപനില ഇന്ന് 40 ഡിഗ്രിയിലേക്ക് ഉയർന്നേക്കും.
കൊല്ലത്ത് 39 ഡിഗ്രി വരെയും മറ്റു മധ്യ-വടക്കൻ ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബിയും അഭ്യർത്ഥിച്ചിട്ടുണ്ട്.






