nctv news pudukkad

nctv news logo
nctv news logo

ചിരിയുടെ മറുപേര്; ഇന്നസെന്റ് എന്ന വിസ്മയം ഓർമ്മയായിട്ട് മൂന്ന് വർഷം!

മലയാളിയുടെ ചിരിയിടങ്ങളിൽ ശുദ്ധഹാസ്യം കൊണ്ട് കൊത്തിവച്ച പേരാണ് ഇന്നസെന്റ്. തമാശക്കാരുടെ ആ ചക്രവർത്തി വിടവാങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. ഇന്നച്ചൻ തീർത്ത ആ ചിരിമേളപ്പെരുക്കം ഇന്നും മലയാളിയുടെ ഹൃദയതാളമായി നിലനിൽക്കുന്നു.

മലയാള സിനിമ നമുക്ക് സമ്മാനിച്ച മികച്ച നടന്മാർക്കിടയിൽ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. മാന്നാർ മത്തായിയായും, കിട്ടുണ്ണിയായും, കെ.കെ. ജോസഫായും അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ നമുക്ക് തോന്നി – ഇവർക്ക് പകരം മറ്റൊരാളില്ല! ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെ മകൻ, നർമ്മത്തിൽ ഫുൾ എ പ്ലസ് നേടിയ കഥ സിനിമയെപ്പോലും വെല്ലുന്നതായിരുന്നു.

കോടമ്പാക്കത്തെ കണ്ണീരും കയ്പും നിറഞ്ഞ കാലം താണ്ടിയാണ് ഇന്നസെന്റ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. 1972-ൽ ‘നൃത്തശാല’യിലൂടെ തുടങ്ങിയെങ്കിലും പിന്നീട് അവസരങ്ങൾ കുറഞ്ഞു. തീപ്പെട്ടി കമ്പനിയും ലെതർ ബാഗ് കച്ചവടവും ഒക്കെ പരീക്ഷിച്ച് പരാജയപ്പെട്ടൊടുവിൽ സ്വന്തം നിർമ്മാണ കമ്പനിയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. 1989-ൽ ‘റാംജിറാവു സ്പീക്കിംഗ്’ പുറത്തിറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മറുപേരായി ഇന്നസെന്റ് മാറി. തൊണ്ണൂറുകളിൽ വർഷം 40 ചിത്രങ്ങളിൽ വരെ അദ്ദേഹം അഭിനയിച്ച് വിസ്മയിപ്പിച്ചു.

അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും അദ്ദേഹം നർമ്മം മുറുകെ പിടിച്ചു. മാരകമായ അർബുദത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ഇന്നസെന്റ് ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിലൂടെ ജീവിതത്തോടുള്ള വലിയ ദർശനങ്ങൾ നമ്മെ പഠിപ്പിച്ചു. സിനിമയ്ക്ക് പുറത്തും അദ്ദേഹം പറഞ്ഞതൊന്നും വെറും തമാശകളായിരുന്നില്ല, നർമ്മത്തിന്റെ ചെറിയ ചിമിഴുകളിൽ ഒളിപ്പിച്ച വലിയ സത്യങ്ങളായിരുന്നു.

നടൻ എന്ന നിലയിൽ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനായും ഇന്നസെന്റ് തിളങ്ങി. 2014-ൽ ലോക്‌സഭയിലെത്തി പാർലമെന്റിൽ മലയാളത്തിന്റെ ശബ്ദമായി. അഞ്ച് പതിറ്റാണ്ടിന്റെ ചലച്ചിത്ര യാത്ര അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയപ്പോൾ ബാക്കിയാക്കിയത് മലയാളിയുടെ മനസ്സിൽ മായാത്ത ഒരു വലിയ ചിരിയാണ്. പ്രിയപ്പെട്ട ഇന്നച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Leave a Comment

Your email address will not be published. Required fields are marked *