വെള്ളികുളങ്ങര റിസർവ് വനങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വിൽപ്പന നടത്തിവന്നിരുന്ന കുപ്രസിദ്ധ ചന്ദനക്കള്ളക്കടത്തുകാരൻ ‘വീരപ്പൻ ജോയി’ വനംവകുപ്പിന്റെ പിടിയിലായി. വെള്ളികുളങ്ങര വില്ലേജിൽ മാവിൻചുവട് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയിയെയാണ് 58 കിലോഗ്രാം ചന്ദനത്തടിയുമായി റെയിഞ്ച് ഓഫീസർ കെ.എസ് ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വെള്ളികുളങ്ങര ഭാഗത്ത് സ്കൂട്ടറിൽ ചന്ദനത്തടി കഷണങ്ങൾ എത്തിച്ച് മാഫിയ സംഘങ്ങൾക്ക് കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് ജോയിയെ വനംവകുപ്പ് സംഘം സാഹസികമായി പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 58 കിലോയോളം ചന്ദനത്തടിയും സംഘം കസ്റ്റഡിയിലെടുത്തു. വനത്തിൽ നിന്നും ചന്ദനം മുറിച്ച് വിവിധ കള്ളക്കടത്ത് സംഘങ്ങൾക്ക് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. വെള്ളികുളങ്ങര റേഞ്ചിലെ 20 ഓളം ചന്ദനമോഷണ കേസുകളിലും പരിയാരം റേഞ്ചിലെ അഞ്ച് കേസുകളിലും പ്രതിയാണ് 60-കാരനായ ഈ ‘വീരപ്പൻ ജോയി’. വനംവകുപ്പ് കാലങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ് ഷിനോജിനൊപ്പം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ റെഞ്ജിറ്റ് രാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്, മഹേഷ്‌കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദിപു, വിനീത്, സനു എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






