സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പൊലീസിന് അനുവദിച്ച പുതിയ വാഹനങ്ങൾ സേവനത്തിന് സജ്ജമായി. നാഷണൽ ഹൈവേയിലെ സുരക്ഷ ഉറപ്പാക്കാൻ മഹീന്ദ്ര സ്കോർപ്പിയോയും, അടിയന്തിര സാഹചര്യങ്ങൾക്കായി അത്യാധുനിക ആംബുലൻസും ജില്ലയ്ക്ക് ലഭിച്ചു.
ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. 2025-26 വർഷത്തെ പ്ലാൻ സ്കീമിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത 146 പുതിയ വാഹനങ്ങളിൽ നിന്നാണ് തൃശ്ശൂർ റൂറലിന് അർഹമായ വിഹിതം ലഭിച്ചത്. ഫെബ്രുവരി 16-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിന് പിന്നാലെയാണ് വാഹനങ്ങൾ ജില്ലയിലെത്തിയത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഫോഴ്സ് ട്രാവലർ ആംബുലൻസ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. അപകടഘട്ടങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും പോലീസിന്റെ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കാൻ ഈ ആംബുലൻസ് സംവിധാനം സഹായിക്കും. അനുവദിക്കപ്പെട്ട മഹീന്ദ്ര സ്കോർപ്പിയോ വാഹനം കൊടുങ്ങല്ലൂർ – ചേറ്റുവ നാഷണൽ ഹൈവേയിലെ പ്രത്യേക പട്രോളിംഗിനായി വിന്യസിക്കും. ദേശീയപാതയിലെ റോഡപകടങ്ങൾ കുറയ്ക്കാനും കുറ്റകൃത്യങ്ങൾ തടയാനും ഈ സ്ക്വാഡ് സജീവമായി രംഗത്തുണ്ടാകും.






